NEYTTHIRI (bhaashanarayaneeyam)chapter1
ആമുഖം (കളകാഞ്ചി)അതിവിപുലമതിഗഹനമായുള്ള പാലാഴി,
ഭാഗവതത്തെക്കടഞ്ഞതിന്‍ വെണ്ണയായ്
ഗുരുപവനപുരമമരുമുണ്ണിക്കു പട്ടേരി നാരായണീയം നിവേദിച്ചു മുക്തനായ്;
അതിനെമമ മതിയിലതികുതുകമൊടുരുക്കി ഞാന്‍
നേടിയ നെയ്യൊഴിച്ചിങ്ങു കത്തിക്കുവന്‍
ചെറുതിരികളിയലുമൊരു നെയ്ത്തിരിദ്ദീപമി-
ന്നേതോന്‍ പ്രഭയതു നല്‍കിയെന്നാലുമാം.
സുകൃതിജനഹൃദയഹര, ധന്യനായേനഹം
ഇത്തിരിയിത്തിരി വെട്ടം പകരുകില്‍.
1 : ഭഗവത്സ്വരൂപം, മാഹാത്മ്യം. (കാകളി)
1.സാന്ദ്രമാനന്ദമാം രൂപം പ്രബുദ്ധതാ-
കേന്ദ്രം, സമാനമായ് മറ്റേതുമില്ലാതെനിശ്ശേഷമെപ്പൊഴും
മായാവിമുക്തനായ്‌ദേശകാലാദിക്കതീതനായ് നീന്നിടും;
വ്യക്തമല്ലെങ്കിലും ദര്‍ശനമാത്രേണ
ജന്മസാഫല്യം തരും പരബ്രഹ്മമായ്
വേദലക്ഷങ്ങള്‍ തെളിക്കുന്ന തത്ത്വമായ്
വാഴുന്ന സാക്ഷാല്‍ സനാതനനവ്യയന്‍
പ്രത്യക്ഷമായ് ഗുരുവായൂരില്‍ വാഴുന്നു
മര്‍ത്ത്യര്‍ക്കഹോ മഹാഭാഗ്യം നിനയ്ക്കുകില്‍.
2. ഈവിധം ദുര്‍ലഭമാമൊന്നിരിക്കിലും
നാവും മനസ്സും ശരീരവും കൊണ്ടഹോ!
മററു വസ്തുക്കളെത്തേടുന്നിതാളുകള്‍
ക്ഷുദ്രമെന്നത്രേ പറയേണ്ടു കഷ്ടമേ!
നാനാതരം പീഡ തീര്‍ത്തു കാത്തീടുവാന്‍
നാമിങ്ങു ചാഞ്ചല്യമില്ലാത്ത ഹൃത്തുമായ്
സര്‍വ്വാത്മനാ ശ്രീ ഗുരുവായൂരപ്പനാ-
ണാശ്രയമെന്നുള്ളിലോര്‍ത്തു വസിക്കുന്നു.
3. "തത്ത്വാര്‍ത്ഥമല്ലാതെയൊന്നുമായ്ച്ചേരാതെ
നില്‍ക്കയാല്‍ ശുദ്ധമായ് വാഴുന്ന തത്ത്വമാം
അംഗവുമിന്ദ്രിയജാലവും നിന്‍ തനു"
ഇങ്ങനെ വ്യാസന്‍ പറഞ്ഞു പലകുറി!
ഈ വിധം നിര്‍മ്മലമാകയാല്‍ക്കണ്ണിനും
കേള്‍വിക്കുമോര്‍മ്മയ്ക്കുമേറ്റം രസാസ്പദം
സാരമായ് ഹൃത്തില്‍ വിളങ്ങും മനോജ്ഞമാം
നിന്‍ രൂപമൊന്നില്‍ രമിക്കുന്നു സജ്ജനം.
4. നിശ്ചലം നിത്യം നിറഞ്ഞു നില്‍ക്കുന്നതാം,
നിസ്തുലമാനന്ദപീയൂഷഭാജനം
നാനാതരം മുത്തു തന്നില്‍ നിറച്ചുള്ള
നിര്‍മ്മലബ്രഹ്മമാമാഴിയല്ലോ ഭവാന്‍!
നിന്നലച്ചാര്‍ത്താണു സദ്ഗുണമെന്നുതാന്‍
നന്നായറിവുള്ള സത്തുക്കളോതുന്നു;
നിശ്ശേഷമില്ല കളങ്കമെന്നല്ല നീ
നിശ്ചയം സല്‍ക്കലാരൂപനാണെന്നതും
5. കര്‍മ്മത്തില്‍ ബന്ധം തനിക്കില്ലയെങ്കിലും
ജന്മാദിമുക്തനാമങ്ങുന്നഹേതുവായ്
ഈക്ഷണപ്രക്രിയാലോലനായപ്പൊഴേ
കല്‍പം തുടങ്ങി; അക്കാലം പ്രകൃതിയും
കെല്‍പോടുണര്‍ന്നു; ഭവാനഘം നീക്കുന്ന
വൈകുണ്ഠരൂപത്തെയാര്‍ജ്ജിച്ചു; മായയില്‍
ഇമ്പം കലരാതെയും മറയ്ക്കാതെയു-
മമ്പോടു കൈക്കൊണ്ടു സത്വഗുണത്തെയും.
6. നീലമേഘാഭയും കായാമ്പൂവര്‍ണ്ണവും
മേളിച്ച നിന്‍ മേനിയെത്രയോ കോമളം
പുണ്യവാന്മാരുടെ കണ്ണിന്നു സമ്പൂര്‍ണ്ണ-
പുണ്യാവതാരം തഥാമോക്ഷദായകം
അമ്മഹാലക്ഷ്മിക്കു കേളിക്കൊരങ്കണം
നിര്‍മ്മലധ്യാനമുള്ളോര്‍ക്കോ സുധാധാരയും
ആയുള്ള പൂവുടല്‍ ധ്യാനിപ്പനെന്നുമേ
വായുപുരേശ്വര, കാരുണ്യസാഗര!
7. സംസാരചേഷ്ടകളാലുഴന്നീടുന്ന
ജന്തുക്കള്‍ തന്‍ ദശ കണ്ടിട്ടിതേവരെ നിന്‍
സൃഷ്ടിചേഷ്ടകള്‍ കഷ്ടമെന്നോര്‍ത്തു ഞാന്‍
വാസ്തവമിപ്പോളറിയുന്നിതൊക്കെയും;
നിന്‍ ചിദാനന്ദസമുദ്രത്തില്‍ മുങ്ങുവാന്‍
കണ്ണിനാല്‍ക്കാതിനാലാസ്വദിച്ചീടുവാന്‍
ഇന്നാര്‍ക്കുമേ സാദ്ധ്യമല്ലീ ധരിത്രിയില്‍
വന്നുപിറക്കാതെയെന്നറിയുന്നു ഞാന്‍.
8. വന്നപേക്ഷിക്കിലുമല്ലായ്കിലും നിന്നെ
വന്ദിച്ചിടുന്നവര്‍ക്കേകുന്നു സര്‍വവും
ചേര്‍ത്തുടനന്തികേയാനന്ദമുക്തിയു-
മത്തരം കല്‍പകവൃക്ഷമല്ലോ ഭവാന്‍!
ഇങ്ങനെയെണ്ണമററുള്ള ഫലങ്ങളാല്‍
സമ്പൂര്‍ണ്ണനങ്ങിങ്ങിരിക്കിലുമര്‍ത്ഥികള്‍
പാഴിലേയിന്ദ്രന്റെ പൂന്തോപ്പിലെ വെറും
പാഴ്‌മരത്തിന്നായ് കൊതിക്കുന്നു കഷ്ടമേ!
9. മുററുമീ ലോകത്തില്‍ വാഴുന്ന ജീവികള്‍
ക്കുററതാം സ്വാമിത്വമാര്‍ന്നുവാഴുന്നവര്‍
മററുളള ദേവകളൈശ്വര്യഹേതുവായ്
മറേററെ വസ്തുക്കളേകുമര്‍ത്ഥിക്കുകില്‍;
സ്വാംശത്തെത്തന്നെയും മുക്തിയുമേകുന്നോ-
രീശ്വരാ നീതാന്‍ നിനക്കുളള സ്വാമിയും.
ശാശ്വതാനന്ദസന്ദായക സന്മയ
ശൗരേ, പരമാത്മരാമ, നമോസ്തുതേ.
10. ശങ്കരനാദിയാം ദേവകള്‍ക്കീശ്വരാ
നിങ്കലെ ശ്രീതാനവതാരഹേതുവായ്;
സൂര്യാദിതേജസ്സു പോലുമടക്കിടും
വീര്യത്തിനാസ്പദമാണു ഭവാന്‍ വിഭോ!
നിര്‍മ്മലകീര്‍ത്തിയാല്‍ നിസ്സംഗരായുളേളാ-
രമ്മുനിമാരും സ്തുതിപ്പു നിന്‍ നാമങ്ങള്‍;
ശ്രീദേവിയെപ്പൊഴും നീയൊത്തു വാഴുവോള്‍
നീ ധാമമാണു വിദ്യാദിക്കു നിസ്സംഗ;
ഏവം ഭഗവാനെന്നുള്ളൊരു നാമത്തി-
നാവും ഭവാന്‍ ഹരേ മുഖ്യമാമാശ്രയം.
1 Comments:
Hari Om!
I just saw the site and downloaded the few pages from Neytthiri you had given as PDF. It is really beautiful and veru close to the original. You are really blessed.
I just completed recording Narayaneeyam to make an audio book and suddenly came across a reference to your book. Where can I buy it? Is it available in Trissur? Please inform me at the earliest. Somebody is coming from there within 3-4 days and I want them to bring it.
Hari OM!
Hantha bhagyam janaanaam
Dr. Sukumar
sukumarcanada@yahoo.com
Post a Comment
Subscribe to Post Comments [Atom]
<< Home